Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

കൗണ്‍സിലിംങിന്‍റെ സ്വഭാവം(പഠനം)

കൗണ്‍സിലിംങ് എന്താണ്, എന്തല്ല, എന്നത് തന്നെയാണ് ഈ ആര്‍ട്ടിക്കിള്‍ അര്‍ത്ഥമാക്കുന്നത്. ആധുനികത, യന്ത്രവല്‍ക്കരണം, നാഗരികത എന്നിവയുടെ കുത്തൊഴുക്കില്‍, എങ്ങും അസ്വസ്ഥത, ആകുലത, അനിശ്ചിതത്വം, കലഹം, മാത്സര്യം എന്നിവ മാത്രം. തൊടുന്ന എല്ലാത്തില്‍ നിന്നും ഏതുവിധേനയും പണം ഉണ്ടാക്കണം, പേര് സംമ്പാദിക്കണം, അധികാരം കൈയടക്കണം എന്ന കഴുത്തറുക്കുന്ന കീടമാത്സര്യം മാത്രമേ ആള്‍ക്കൂട്ടസമൂഹത്തില്‍ എങ്ങും നടക്കുന്നുള്ളു. അതുകൊണ്ട് തന്നെ, നിരവധി കൗണ്‍സിലര്‍മാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുവാന്‍ കടന്നു വരുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. പലര്‍ക്കും ഈ മേഘലയില്‍ നിന്നുകൊണ്ട് നല്ലവണ്ണം മുതലടപ്പ് നടത്തുവാന്‍ സാധിക്കുന്നുമുണ്ട്. അതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് നീളന്‍ കുപ്പായക്കാരും സംഘടനകളുമാണ്. എങ്കിലും സത്യം സത്യമായി തന്നെപറയണം, അത് കേള്‍ക്കണം, തിരുത്തണം. എങ്കിലെ നിങ്ങള്‍ നല്ലൊരു കൗണ്‍സിലര്‍ ആയി അറിയപ്പെടുകയുള്ളൂ.
പലരും ഈ ചികിത്സാമേഖലയുടെ നിലവാരം തകര്‍ക്കുന്ന കാര്യങ്ങളാണ് പലയിടങ്ങളിലും ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി ആര്‍സിഐ യുടെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ അനേകം ക്ലിനിക്കല്‍-കൗണ്‍സിലിംങ് സൈക്കോളജിസ്റ്റ്മാര്‍, സര്‍ക്കാര്‍ സൈക്കോളജിസ്റ്റുമാര്‍, ക്ലിനിക്കല്‍ കൗണ്‍സിലര്‍ഴ്സ്, അക്കാഡമിക്ക് കൗണ്‍സിലര്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, റിസോഴ്സ് അദ്ധ്യാപകര്‍ എന്നിവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ദയവായി കൗണ്‍സിലിംങ് നടത്തുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

1. ശരിയായ മാനുഷിക ബന്ധം: കൗണ്‍സിലിംങിന്‍റെ അടിസ്ഥാനം ശരിയായ മാനുഷിക ബന്ധങ്ങളിലാണ്. കൗണ്‍സിലിംഗ് ഒരു ബന്ധമാണ്. അത് കുറെ ടെക്നിക്കുകളുടെയോ ട്രിക്കുകളുടേയോ കൂമ്പാരമല്ല; പ്രത്യുത, ബന്ധങ്ങളുടെ സമുച്ചയം തന്നെയാണ്. ചില ബന്ധങ്ങള്‍ വളരെ ലളിതമോ, പ്രകടമോ, സ്വാഭാവികമോ, എളുപ്പം പുലര്‍ത്താവുന്നതോ ആകണമെന്നില്ല. എങ്കിലും പലതരത്തിലും തലത്തിലുള്ള മാനുഷിക ബന്ധങ്ങളാണ് കൗണ്‍സിലിംങിന് അടിസ്ഥാനം. അത്തരം ബന്ധങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്താനും പുലര്‍ത്താനും സഹായിക്കുകയാണ് കൗണ്‍സിലിംങിന്‍റെ ലക്ഷ്യം.
2. പരിശീലനവും പരിചയവും: മാനുഷിക ബന്ധങ്ങള്‍ പുലര്‍ത്താന്‍ സഹായിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പഠനവും പരിശീലനവും പരിചയവും കൂടിയേതീരു. പുസ്തകത്തില്‍ നിന്നും കിട്ടുന്ന അറിവുമാത്രം പോരാ. ഏതേങ്കിലും ഒരുമതത്തിന്‍റെ ചട്ടകൂടില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനും പാടുള്ളതല്ല. അതിനൊത്ത മനോഭാവമാണ് മുഖ്യം. എല്ലാവരേയും അംഗീകരിക്കുന്ന, ആരേയും വിധിക്കാത്ത, എല്ലാം തുറന്നു സ്വീകരിക്കുന്ന മനോഭാവമാണ് ഒരു നല്ല കൗണ്‍സിലറുടെ മുഖമുദ്ര.
3. പ്രത്യേക ബന്ധം: കൗണ്‍സിലിംങ് ഒരു ചികിത്സാപരമായ ബന്ധമാണ്. പക്ഷെ, അനുദിന സാധാരണ ബന്ധവുമല്ല. പ്രത്യുത, ഇതൊരു പ്രത്യേകതരം ഔപചാരിക, ഔദ്യോഗിക ബന്ധമാണ്. അതിനപ്പുറത്ത് മറ്റു ഒരുതരത്തിലും ബന്ധം സ്ഥാപിക്കാതിരിക്കുന്നതാണ് അത്യുത്തമം.
4. ആവശ്യക്കാരനും കഴിവുള്ളവനും: കൗണ്‍സിലിംഗിലെ ബന്ധം മാനസിക സഹായം ആവശ്യമുള്ള ആളും(ക്ലൈയന്‍റ്)അത് നല്‍കാന്‍ യോഗ്യതയും കഴിവും പരിശീലനവും പരിചയവുമുള്ള-ആളും (കൗണ്‍സിലര്‍)തമ്മിലാണ് സ്ഥാപിക്കപ്പെടേണ്ടത് . ആവശ്യക്കാ രനാണ് ആരംഭം കുറിക്കേണ്ടത്. അയാളാണ് കൗണ്‍സിലറെ സമീപിക്കേണ്ടത്. കൗണ്‍സലര്‍ പരസ്യം ചെയ്തോ ആളെവെച്ച് സ്വാധീനം ചെലുത്തിയോ ഓടിച്ചിട്ടുപിടിച്ച് കച്ചവട വ്യവസായരീതിയില്‍ നടത്തേണ്ട പരിപാടിയല്ലിത്.
5. സ്വേച്ഛാനുസ്യതവും രഹസ്യസ്വഭാവവും: സഹായം ആവശ്യമുള്ള ആള്‍ സ്വമനസ്സാ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച നടത്തുക. അതില്‍ രഹസ്യാത്മകത, വിശ്വസ്തത, സമയപരിധി, ക്രമം എന്നിവ പാലിക്കണം. തനിച്ചു കാണാനുള്ള സൗകര്യം, രഹസ്യം കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം, പരസ്പരവിശ്വാസം എന്നിവ ഇവിടെ അനിവാര്യമാണ്. പറഞ്ഞുറപ്പിക്കുന്ന സ്ഥലത്തും സമയത്തും കൂടികാഴ്ച നടത്തുന്നു.
6. വ്യക്തിത്വത്തിന്‍റെ ആന്തരീകഭാവങ്ങള്‍ വെളിപ്പെടുത്തുന്നു: അതിനാല്‍ കൗണ്‍സിലിംങ് ബന്ധം മറ്റ് പലതരത്തിലുള്ള ബന്ധങ്ങളേക്കാള്‍ ഉറ്റതും അടുത്തതും ആഴമുള്ളതുമായി തീരുന്നു.

കൗണ്‍സിലിംഗ് എന്തല്ല? എന്നുകൂടി അറിഞ്ഞിരിക്കുന്നത് എളുപ്പവും ഉപകാരപ്രദവുമാകുമെന്ന് വിശ്വസിക്കുന്നു:

1. ഉപദേശമല്ല: കൗണ്‍സിലിംഗ് ഉപദേശമല്ല. വൈകാരികപ്രശ്നങ്ങളാണ് കൗണ്‍സിലിംങിന്‍റെ വിഷയം. ഈക്കാര്യത്തില്‍ ആരും ആരേയും ഉപദേശിച്ചിട്ടുകാര്യമില്ല. ഇവിടെ ഉപദേശം നിഷ്ഫലമാണ്. വൈകാരികമായി കലങ്ങി മറിഞ്ഞ അവസ്ഥയില്‍ ആളെ മനസ്സിലാക്കി ആളോടുകൂടെ ആയിരിക്കുവാന്‍ കഴിഞ്ഞാല്‍ വൈകാരിക സ്വസ്ഥതവരുമ്പോള്‍ വ്യക്തി സ്വയം പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊള്ളും.
2. പഠിപ്പിക്കലല്ല കൗണ്‍സിലിംങ്: കൗണ്‍സിലിംങ് അദ്ധ്യാപനമോ, പാഠം പഠിപ്പിക്കലോ, പകരം വീട്ടലോ ഒന്നുമല്ല. പഠിപ്പിക്കുമ്പോള്‍ അദ്ധ്യാപകന്‍ എല്ലാം അറിയുന്നവനും, എല്ലാറ്റിലും എല്ലാവര്‍ക്കും ആശ്രയിക്കാവുന്നവനും ആയിരിക്കണം. ആരേയും ഒരു പാഠവും പഠിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അദ്ധ്യാപനത്തില്‍ അദ്ധ്യാപകന്‍ സംസാരിക്കുന്നു; കുട്ടികള്‍ അത് ശ്രദ്ധിക്കുന്നു. കൗണ്‍സിലിംങില്‍ ക്ലൈയന്‍റ് സംസാരിക്കുന്നു; കൗണ്‍സിലര്‍ ശ്രവിക്കുന്നു. അദ്ധ്യാപകന്‍ പരീക്ഷകള്‍ നടത്തുന്നു. കൗണ്‍സിലര്‍ പരീക്ഷകനോ, വിധികര്‍ത്താവോ ആകാന്‍ പാടില്ല. അദ്ധ്യാപകന്‍ പ്രോഗസ് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കൗണ്‍സിലര്‍ രഹസ്യം പാലിക്കും.
3. മാര്‍ഗ്ഗനിര്‍ദ്ദേശം അല്ല: മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് അനുഭവ സമ്പന്നരായിട്ടുള്ളവരാണ്. ഇന്നത്തെ കാഴചപ്പാടില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമല്ല, മാര്‍ഗ്ഗം തെളിക്കലാണ് വേണ്ടത്. യുക്തിയോടെ അതുകണ്ട് മനസ്സിലാക്കി സ്വയം മാര്‍ഗ്ഗസഞ്ചാരം നടത്തുകയാണ് ക്ലൈയന്‍റ് ചെയ്യേണ്ടത്. മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടതും ക്ലൈയന്‍റ് തന്നെയാണ്.
4. പ്രശ്നം പരിഹരിക്കലല്ല: മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള സര്‍വ്വശക്തനല്ല കൗണ്‍സിലര്‍. ആര്‍ക്കും മറ്റാരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കാനാവില്ല. അവനവന്‍ തന്നെയാണ് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. അതിനുള്ള പക്വതയിലേക്ക് വളരാന്‍ സഹായിക്കലാണ് കൗണ്‍സിലിംങ്.
5. ചോദ്യം ചെയ്യലല്ല: പോലീസ് കുറ്റവാളിയെ ചോദ്യം ചെയ്യും. എന്നാല്‍ കൗണ്‍സിലിംങ് അത്തരം ചോദ്യം ചെയ്യലോ കുറ്റം തെളിയിക്കലോ അല്ല. ആരെയും മര്യാദ പഠിപ്പിക്കലോ, നേരെയാക്കലോ, ശിക്ഷണനടപടിയെടുക്കലോ, നന്നാക്കലോ ഒന്നുമല്ല കൗണ്‍സിലിംങ്.